Response to a series of articles on higher education appeared in Mathrubhumi Malayalam Daily – February 2017

ലക്ഷ്യം   മറക്കുന്ന ലേഖകർ……അനീഷ് ജേക്കബിനും കൂട്ടർക്കും ഒരു വിയോജനക്കുറിപ്പ്:

മാതൃഭൂമിയിൽ മൂന്നു ദിവസമായി പ്രസിദ്ധീകരിച്ച ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകർച്ചയെ വിശകലനം ചെയ്തു കൊണ്ടുള്ള ലേഖനം (ലക്ഷ്യം മറക്കുന്ന ബിരുദപഠനങ്ങള്‍……) വായിച്ചു. ലേഖകരുടെ കൂട്ടത്തിൽ ശ്രീ. അനീഷ് ജേക്കബിന്റെ പേര്‌ കണ്ടപ്പോഴെ സംശയം തോന്നി; ഇന്ന് ഇവിടെ കുറെ കോളേജ് അധ്യാപകരുടെ ചോര ചിതറും! വായിച്ചു കഴിഞ്ഞപ്പോൾ മനസിലായി സംശയം ശരിയായിരുന്നു എന്ന്. പക്ഷെ ഒരു കാര്യം മാത്രം മനസിലാകുന്നില്ല; ഇത്രയും അബദ്ധം നിറഞ്ഞ ഒരു ലേഖനം മാതൃഭൂമി പോലെ ഒരു പത്രം എങ്ങനെ കണ്ണടച്ച് പ്രസിദ്ധീകരിച്ചു എന്നത്! ഉദ്ദേശ്യ ശുദ്ധി നിറഞ്ഞതെന്നു പേരിൽ തോന്നിപ്പിച്ച ലേഖനം മുൻവിധികളുടെ ഒരു ന്യായീകരണ പ്രദർശനമായി മാറി: ഒന്നൊന്നായി പറയാം.

ലേഖനത്തിന്റെ ആദ്യ ഭാഗത്ത് ലേഖകർ പറയുന്നു: ഒരു കോളേജ് അധ്യാപകന് ഒരാഴ്ച 30 മണിക്കൂർ അധ്യാപനവും പത്തുമണിക്കൂർ ഗവേഷണവുമാണ് യു.ജി.സി. നിർദേശിക്കുന്നത്. കേരളത്തിൽ ഭക്ഷണവിശ്രമ സമയമെല്ലാം ഉൾപ്പെടുത്തി 30 മണിക്കൂർ എന്ന് വ്യാഖ്യാനിച്ചാണ് നടപ്പാക്കിയത്. അങ്ങനെ ശനിയാഴ്ച അവധിദിവസവുമാക്കി.. എവിടെ നിന്നാണ് ഈ 30 മണിക്കൂർ അധ്യാപനവും 10 മണിക്കൂർ ഗവേഷണവും എന്ന കണക്ക് ലേഖകർക്ക് കിട്ടിയതെന്ന് മനസ്സാകുന്നില്ല. കേരള സർക്കാർ 2001ലെ ശമ്പള പരിഷ്കരണത്തിനു ശേഷം (യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കോളേജ് അധ്യാപകരുടെ ജോലി സമയം വിഭജിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ആഴ്ചയിൽ 40 മണിക്കൂറാണ് ഒരു അധ്യാപകൻ ജോലി ചെയ്യണ്ടത്. ഇതിൽ 30 മണിക്കൂർ കോളേജിൽ ചെലവഴിക്കേണ്ട സമയമാണ്. ബാക്കി പത്ത് മണിക്കൂർ പഠിപ്പിക്കാനാവശ്യമായ തയാറെടുപ്പുകൾക്കുള്ള സമയവും. 30 16 മണിക്കൂർ നേരിട്ടുള്ള ക്ലാസ് റൂം അധ്യയനത്തിനുള്ളതാണ് (ഡയറക്ട് ടീച്ചിംഗ്). അധ്യാപനത്തെപ്പറ്റി അൽപമെങ്കിലും അറിവുള്ളവർക്ക് മനസിലാകും 16 മണിക്കൂർ പഠിപ്പിക്കുന്നതിന് തയാറെടുക്കാൻ പലപ്പോഴും 10 മണിക്കൂർ തന്നെ അപര്യാപ്തമാണെന്ന്. പ്രത്യേകിച്ചും ഓരോ മൂന്ന് വർഷത്തിലുമൊരിക്കൽ സിലബസ് പരിഷ്കരിക്കപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ. 30 ൽ ബാക്കി വരുന്ന 14 മണിക്കൂർ കോളേജിൽ തന്നെ അധ്യാപകരെ ഏൽപിക്കുന്ന നേരിട്ടുള്ള അധ്യയനം ഒഴികെയുള്ള കാര്യങ്ങൾക്കുള്ളതാണ്. ഇതിൽ ഭരണപരമായ ഉത്തരവാദിത്തങ്ങളും പരീക്ഷകൾ സംബന്ധിച്ച ജോലികളും എല്ലാം ഉൾപ്പെടും. ഇനി ഭക്ഷണ സമയം ഉൾപ്പെടെ 30 മണിക്കൂർ എന്ന ആരോപണം: മേൽ പരാമർശിച്ച സർക്കാർ ഉത്തരവിൽ പറയുന്നത് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ /9:30 മുതൽ 4:30 വരെ/9 മുതൽ 4 വരെയുള്ള ഉച്ചയ്ക്ക് ഒരു മണിക്കൂർ നീക്കിയാൽ കിട്ടുന്ന 6 മണിക്കൂറാണ് അധ്യാപകർ കോളേജിൽ ചിലവഴിക്കേണ്ടതെന്നാണ്. അപ്പോൾ ആഴ്ചയിൽ 5 ദിവസം X ആറ് മണിക്കൂർ എന്ന് കണക്കാക്കിയാൽ? അവധി ദിനങ്ങൾ വരുന്ന ആഴ്ചയിൽ അധ്യാപകർ 30 മണിക്കൂർ ജോലി ചെയ്യുന്നില്ല എന്ന ആരോപണം ലേഖകർ ഉന്നയിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു; മനുഷ്യരല്ലേ; അവരും ജീവിച്ചു പൊയ്ക്കോട്ടെ !
അധ്യാപകർക്കെതിരെയുള്ള ആക്രമണം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല
; ലേഖകൻ സെമസ്റ്റർ സമ്പ്രദായത്തിന്റെ വീഴ്ചകൾ വിലയിരുത്തുന്നയിടത്ത് ഇങ്ങനെ പറയുന്നു: ആറാംമാസം പരീക്ഷയും വെക്കേഷനും അതാണ് ഈ ( സെമസ്റ്റർ) സമ്പ്രദായത്തിന്റെ രീതി. പക്ഷേ, വേനലവധിയെന്ന ശീലം മാറ്റാൻ കോളേജ് അധ്യാപകർ ഒരുക്കമായില്ല. ഏപ്രിൽ, മേയ് മാസങ്ങളിലുള്ള അവധി മാറ്റാതെയുള്ള ഒത്തുതീർപ്പിലാണ് സെമസ്റ്റർ സമ്പ്രദായം നടപ്പാക്കിയത്.
ലേഖകർ ശ്രദ്ധിച്ചിട്ടുണ്ടോയെന്ന് അറിയില്ല; മഹാത്മാഗാന്ധി (ഏം‌‌ജി) സർവ്വകലാശാല ഈയൊരു വെക്കേഷൻ മാറ്റൽ പരിഷ്കാരം നടപ്പാക്കിയിരുന്നു. സെമസ്റ്റർ വെക്കേഷനുകൾ നവംബറിലും മെയിലും ഓരോ മാസം എന്ന രീതിയിൽ . ഈ പരിഷ്കാരം സർവ്വകലാശാലക്ക് വലിയ താമസമില്ലാതെ തന്നെ മാറ്റേണ്ടി വന്നു. കാരണമെന്തായിരുന്നുവെന്നും പറയാം. ഗവൺമെന്റിൽ വെക്കേഷന്റെ അടിസ്ഥാനത്തിൽ രണ്ട് തരം ജീവനക്കാരാണ് ഉള്ളത്; വെക്കേഷന് അർഹതയുള്ള വിഭാഗവും അതിന് അർഹതയില്ലാത്ത വിഭാഗവും. നോൺ വെക്കേഷൻ വിഭാഗക്കാർ അവർ ഏപ്രിൽമെയിൽ ചെയ്യുന്ന ജോലിക്ക് പകരമായി ഒരു മാസത്തെ ലീവ് അല്ലെങ്കിൽ അതിന് പകരമായി ഒരുമാസത്തെ അധിക ശമ്പളം കൈപ്പറ്റുന്നുണ്ട്. ഇത് സറണ്ടർ ലീവ് എന്ന പേരിലാണ് അറിയപ്പെടുന്നത്. അതായത്, അധ്യാപകർ ഉൾപ്പെടുന്ന വെക്കേഷൻ വിഭാഗക്കാർ ഒരു വർഷം 10 മാസം ജോലിക്ക് ശേഷം 12 മാസത്തെ ശമ്പളം വാങ്ങുമ്പോൾ വെക്കേഷൻ ഇല്ലാത്ത വിഭാഗക്കാർ 12 മാസം ജോലിക്ക് ശേഷം 13 മാസത്തെ ശമ്പളമാണ് ഒരു വർഷം വാങ്ങുന്നത്. സർവീസ് നിയമങ്ങൾ അനുസരിച്ച് വെക്കേഷൻ സമയത്ത് രണ്ട് ദിവസം വെക്കേഷൻ വിഭാഗക്കാർ ജോലി ചെയ്താൽ അവർക്ക് ഒരു ദിവത്തെ ശമ്പളം അധികമായി നൽകണം. അധ്യാപകരെ പരീക്ഷാ ചുമതലകൾ ഏൽപിക്കമ്പോൾ സർവീസ് നിയമപ്രകാരം അവർക്ക് ഇത്തരത്തിലെ ആനുകൂല്യത്തിന് അർഹതയുണ്ട്.

എം ജി സർവ്വകലാശാലയിൽ നവംബർ വെക്കേഷൻ സമയത്ത് പരീക്ഷാ ജോലികൾക്ക് അധ്യാപകരെ നിയമിക്കുകയുണ്ടായി. എന്നാൽ വെക്കേഷൻ എന്നത് സർവീസ് നിയമപ്രകാരം ഏപ്രിൽമെയ്‌ മാസങ്ങളിലാണെന്ന കാരണം പറഞ്ഞ് അക്കൗണ്ടന്റ് ജനറൽ അധ്യാപകർക്ക് നവംബർ മാസത്തിലെ പരീക്ഷാ ജോലികൾക്ക് അധികശമ്പളം (സറണ്ടർ ലീവ്) അനുവദിച്ചില്ല. സ്വാഭാവികമായും നവംബറിൽ വെക്കേഷൻ പ്രഖ്യാപിക്കുകയും അതേ സമയം തന്നെ പരീക്ഷാ ജോലികൾക്ക് നിയോഗിക്കുകയും ചെയ്യുന്നതിനെ അധ്യാപകർ എതിർത്തു.
ഇതു കൂടാതെ ഉണ്ടായ മറ്റൊരു പ്രശ്നം അധ്യാപകരുടെ റിട്ടയർമെന്റ് സംബന്ധിച്ചാണ്. നിലവിലെ സർവീസ് നിയമ പ്രകാരം ജൂലൈ ഒന്നിന് ശേഷം, മാർച്ച് 31ന് ഉള്ളിൽ 56 വയസ് പൂർത്തിയാക്കുന്ന ഒരു അധ്യാപകൻ അധ്യയന വർഷം അവസാനിക്കുന്ന മാർച്ച് 31 വരെ സർവീസിൽ തുടരും. അധ്യയന വർഷത്തിനിടക്ക് വെച്ച് റിട്ടയർമെന്റ് നടന്നാൽ സ്ഥാപനത്തിനും വിദ്യാർത്ഥികൾക്കും ഉണ്ടാവുന്ന പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇങ്ങനെ ഒരു നിയമം വെച്ചിരിക്കുന്നത്. എംജി സർവ്വകലാശാലയുടെ കാര്യത്തിൽ അധ്യയന വർഷം ഏപ്രിൽ 30 വരെ നീട്ടിയെങ്കിലും പലരും മാർച്ച് 31ന് തന്നെ റിട്ടയർ ചെയ്യുന്ന അവസ്ഥയുണ്ടായി. ഇത്തരത്തിലെ സർവീസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാതെ വെക്കേഷൻ സമയം മാറ്റിയതിനെയാണ് അധ്യാപകർ എതിർത്തത്. ഇതിനെ രണ്ട് മാസം തുടർച്ചയായ വെക്കേഷൻ എന്ന സുഖം ഉപേക്ഷിക്കാനുള്ള മടിയെന്ന് വ്യാഖ്യാനിക്കുന്നതിനെ എന്താണ് വിശേഷിപ്പിക്കേണ്ടത്?

ഇനി ഓപ്പൺ കോഴ്സിന്റെ കാര്യം: നേരിട്ടുള്ള അധ്യയന സമയത്തിന്റെ അടിസ്ഥാനത്തിലാണ് കോളേജുകളിൽ തസ്തികകൾ സൃഷ്ടിക്കുന്നതും നിലനിർത്തപ്പെടുന്നതും (16 മണിക്കൂറിന് ഒരു തസ്തിക എന്ന നിലയിൽ). ഓപ്പൺ കോഴ്സിനായി കേരള സർവകലാശാല നീക്കി വെച്ചിരിക്കുന്നത് ആഴ്ചയിൽ 3 മണിക്കൂറാണ്. ഈ മൂന്ന് മണിക്കൂർ ഒരു കോളേജിൽ നിലവിലുള്ള വിഷയങ്ങളിലെ അധ്യാപകരുടെ 16 മണിക്കൂറിൽ നിന്നേ സ്വാഭാവികമായും കണ്ടെത്താനാവൂ. കോളേജിൽ നിലവിലില്ലാത്ത ഒരു വിഷയത്തിൽ പുറത്ത് നിന്ന് ഒരു അധ്യാപകനെ വെച്ച് ഒരു ഓപ്പൺ കോഴ്സ് നടത്താൻ ഉള്ള സാമ്പത്തിക അനുമതി കോളേജുകൾക്കില്ല; സർവ്വകലാശാലാ നിയമങ്ങൾ അത് അനുവദിക്കുന്നുമില്ല. അതു കൊണ്ടു തെന്ന് ഓപ്പൺ കോഴ്സ് നടപ്പാക്കുമ്പോൾ പ്രധാന കോഴ്സുകൾ കുറവായ കോളേജുകളിൽ ലഭ്യമായ ഓപ്ഷനുകൾ കുറയുന്നു. മൂന്ന് ഡിഗ്രീ കോഴ്സുകൾ മാത്രമുള്ള പല കോളേജുകളും കേരള സർവ്വകലാശാലയിൽ ഉണ്ട്. അവിടെയെല്ലാം ഈ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വിദേശ സർവകലാശലകളുടെ മാതൃക കണ്ണടച്ച് പകർത്തുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകളാണിതെല്ലാം. ആലോചിക്കാതെ ഇതു നടപ്പാക്കി കഴിഞ്ഞിട്ടാണോ അതിന്റെ ന്യൂനതകളെ പറ്റി ആലോചിക്കേണ്ടത്?

അധ്യാപകരെ വിമർശിക്കുമ്പോൾ ലേഖകൻ വിട്ടു പോയ ഒരു കാര്യമുണ്ട്. ലേഖകർ പ്രശംസിക്കുന്ന വാക്ക് വിത്ത് ഏ സ്കോളർ, അസാപ് തുടങ്ങിയ പ്രോഗ്രാമുകൾക്ക് മേൽനോട്ടം വഹിക്കുന്നതും 75% ക്ലാസുകളും കൈകാര്യം ചെയ്യുന്നതും ഇതേ അധ്യാപകർ തന്നെയാണ്. ഇതെല്ലാം സർക്കാർ നടപ്പാക്കിയ സുന്ദരപദ്ധതികൾ, മറ്റു കുഴപ്പങ്ങളെല്ലം അധ്യാപകരുടേത് എന്ന് ധ്വനിപ്പിക്കുന്ന ലേഖകർ ഇവിടെ ഓർമ്മയിലേക്കെത്തിക്കുന്നത് ഒരു പഴയ ചൊല്ലാണ്: പഴി മുഴുവൻ ചെണ്ടയ്ക്കും പണം മുഴുവൻ മാരാർക്കും!

ഇനി സ്വയം ഭരണ കോളേജുകളുടെ കാര്യം: ലേഖകർ കേരളത്തിനു പുറത്തെ സ്വയംഭരണ കോളേജുകളിലേക്ക് ഒന്നു നോക്കണം. ഇവിടങ്ങളിൽ പഠിച്ച ഒട്ടു മിക്കവർക്കും 90% ന് മുകളിൽ മാർക്ക് . കോളേജിന്റെ നിലവാരത്തിന്റെ ഉയർച്ച കൊണ്ടാണോ ഇത് സംഭവിക്കുന്നത്? കോളേജിന്റെ നിലവാരം ഏതു വിധേനയിലും കൂട്ടിക്കാണിച്ചാലേ ഉയർന്ന ഫീസ് നൽകാൻ തയാറുള്ള വിദ്യാർത്ഥികൾ എത്തുകയുള്ളൂ. അതു കൊണ്ടാണ് ഈ അദ്ഭുത നിലവാര ഉയർച്ച ഇവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കോട്ടയത്തും എറണാകുളത്തുമൊക്കെയുള്ള സ്വയം ഭരണ കോളേജിലെ പ്രവേശന ഫീസ് എത്രയെന്ന് ലേഖകർ അന്വേഷിച്ചിട്ടുണ്ടോ? ഇവിടങ്ങളിലൊക്കെ പാവപ്പെട്ടവരുടെയും കൂടി നികുത്തിപ്പണം പറ്റുന്ന സർക്കാരാണ് ശമ്പളം നൽകുന്നത്. സമ്പന്നർക്ക് വേണ്ടി മാത്രമായി ഈ കോളേജുകൾ മാറണോ? പത്തിലെ പരീക്ഷ സ്കൂൾ തലത്തിൽ തന്നെ നടത്താനുള്ള സ്കൂളുകൾക്ക് നൽകിയ സി.ബി.എസ് ഇ തീരുമാനം അവർ തന്നെ പിന്നീട് പിൻവലിച്ചെന്നുള്ള വസ്തുത കൂടി ഇക്കൂട്ടത്തിൽ ആലോചിക്കണം.

ഇനി അധ്യാപകരുടെ ജോലി ഭാരം കൂടുന്നതിനാലാണ് സ്വയം ഭരണത്തിനെതിരെ എതിർപ്പ് ഉന്നയിച്ചതെന്ന ആരോപണം: ഇത് ശരിയാണെങ്കിൽ തന്നെ ഇതിലെന്താണ് ഇത്ര പരിഹാസ്യമായിട്ടുള്ളത്? സ്വന്തം കാരണങ്ങൾ മൂലമല്ലാതെ നഷ്ടപ്പെടുന്ന അധ്യയനം പോലും അധിക സമയം ജോലി ചെയ്ത് (ശനിയാഴ്ച പോലുള്ള അവധി ദിവസങ്ങളിൽ ഉൾപ്പെടെ ) പൂർത്തീകരിക്കാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗം അധ്യാപകരും; എല്ലാവരും എന്ന് അവകാശപ്പെടുന്നില്ല. സ്വയം ഭരണത്തിന്റെ ഭാഗമായി അധികമായി വരുന്ന ജോലികൾ പലതാണ്. ഇതിന് പകരമായി ( താരതമ്യേന തുച്ഛമായ ) പ്രതിഫലം നൽകാൻ സർക്കാർ അല്ലെങ്കിൽ കോളേജ് തയാറായാലും ഒരു ദിവസം 24 മണിക്കൂർ എന്നത് കൂട്ടാൻ സർക്കാരിനാവില്ലല്ലോ. അധ്യാപകരും മനുഷ്യരാണ് സർ! കുറച്ചു സമയം അവരും വിശ്രമിച്ചോട്ടെ.

ലേഖനത്തിലെ ഒരു വാചകം ഇങ്ങനെ പോകന്നു; തങ്ങളുൾപ്പെടെയുള്ളവർക്ക് അക്കാദമിക കാര്യങ്ങളിൽ ലഭിക്കുന്ന സ്വയംഭരണംപോലും വേണ്ടെന്നുവെയ്ക്കാൻ അവരെ (അദ്ധ്യാപകരെ) പ്രേരിപ്പിച്ചതെന്താണ്? കോടതിയിൽ സ്വന്തം കേസ് വാദിക്കാനുള്ള അവകാശം ഉള്ളവരാണെന്ന് കരുതി എത്ര പേർ അത് ചെയ്യാറുണ്ട്? പോട്ടെ; സ്വന്തം വീട് പെയിന്റ് ചെയ്യാൻ അവകാശമുണ്ടെന്ന് കരുതി ലേഖകർ അത് ചെയ്യാറുണ്ടോ? ഇതൊന്നും പോരായെങ്കിൽ അധ്യാപകർക്ക് വേണ്ട ഒരു അവശ്യ യോഗ്യത ഇംഗ്ളീഷ് സമർത്ഥമായി സംസാരിക്കാൻ അറിയണമെന്നതാണെന്നും അതിൽ മിക്ക അധ്യാപകരും മോശമാണെന്നും ലേഖകർ തീരുമാനിച്ചു കഴിഞ്ഞ സ്ഥിതിക്ക് അങ്ങനെയുള്ള ഒരു കൂട്ടം അധ്യാപകർക്ക് സ്വന്തമായി സിലബസ് രൂപീകരിക്കാനുള്ള അവകാശം കൊടുത്താൽ എങ്ങനെ ശരിയാകും? ഇപ്പോൾ സ്വയംഭരണം കിട്ടിയ പല കോളേജുകളിലും സ്വയം ഭരണം കിട്ടി മൂന്നു വർഷത്തിനു മേൽ ആയിട്ടും നിലനിൽക്കുന്നത് സർവ്വകലാശാലകളിൽ നിന്നും കടം വാങ്ങിയ പഴയ സിലബസ് ആണെന്നത് ലേഖകർ മനസ്സിലാക്കിയിട്ടൂണ്ടോ? സിലബസ് രൂപീകരണമെന്നത് എത്ര മാത്രം ഗൗരവതരമായ വിഷയമാണെന്നും നിലവിൽ ഭൂരിഭാഗം കോളേജുകൾക്കും അതിനുള്ള വിഭവശേഷിയില്ല എന്നും മനസ്സിലാക്കാതെയുള്ള വിശകലനം വലിയ കഷ്ടം തന്നെ!


ഇനി കാതലായ മറ്റൊരു ആരോപണത്തിലേക്ക്: പിഎച്ച്.ഡി.ക്കാരെ മാത്രമേ പ്രിൻസിപ്പൽമാരായി നിയമിക്കൂയെന്ന് പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രഖ്യാപിച്ചു. എന്നാൽ അധ്യാപക സംഘടനകളുടെ എതിർപ്പുമൂലമാകാം അത് നടപ്പായില്ല. സീനിയോരിറ്റി മാനദണ്ഡമാക്കി പ്രിൻസിപ്പൽനിയമനം നടത്തമെന്നാണ് സംഘടനകളുടെ ആവശ്യം. പ്രിൻസിപ്പൽ ആവുന്നതിനുള്ള അവശ്യ യോഗ്യതയായി പി.എച്ച്.ഡി. മാറിയത് 2010 ലെ യുജിസി റെഗുലേഷനിലാണ്. ഇത് കേരള സർക്കാർ നടപ്പാക്കിക്കൊണ്ട് ഉത്തരവിറക്കിയപ്പോൾ അതിൽ പറഞ്ഞത് യുജിസി റെഗുലേഷൻ 2010 സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇത് സംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ വകുപ്പ് ചട്ടങ്ങളും സർവകലാശാലാ ചട്ടങ്ങളും ഉടൻ തന്നെ ഭേദഗതി ചെയ്യുന്നതാണ്. പക്ഷെ ഈ ഉടൻ തന്നെ എന്നത് കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ഇന്നു വരെ നടന്നിട്ടില്ല; ആറ് വർഷത്തിന് ശേഷവും ! ഇത് സംഘടനകളുടെ എതിർപ്പ് മൂലമാകാമെന്ന് അനുമാനിക്കുന്ന ലേഖകൻ ഒരു കാര്യം സൗകര്യപൂർവ്വം മറന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ പല തീരുമാനങ്ങളെയും സംഘടനകൾ അതിശക്തമായി എതിർത്തിട്ടുണ്ട്. കോളേജുകളിലെ പഞ്ചിംഗ് സമ്പ്രദായം, സെൽഫ് ഡ്രോയിങ്ങ് നിർത്തലാക്കൽ, മഹാരാജാസ് കോളേജിന്റെ സ്വയംഭരണം, കോൺട്രിബ്യൂട്ടറി പെൻഷൻ സിസ്റ്റം എന്നിവ ഇതിൽ ചിലതാണ്. സംഘടനകളുടെ എതിർപ്പ് ഇവിടെയെങ്ങും കണക്കാക്കാതിരുന്ന സർക്കാർ പ്രിൻസിപ്പൽ നിയമനത്തിൽ മാത്രം സംഘടനകളുടെ അഭിപ്രായത്തെ ആദരിച്ചു എന്നാണോ പറഞ്ഞു വരുന്നത്? സംഘടനകൾ ആകെ ആവശ്യപ്പെടുന്ന ഒരു കാര്യം എന്നു തൊട്ടാണോ ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഉത്തരവിറക്കുന്നത് അന്നു തൊട്ടേ അതിന് പ്രാബല്യം നൽകാവൂ എന്നതാണ്. ഇന്ന് കിട്ടേണ്ട പ്ലേസ്മെന്റിന് കഴിഞ്ഞ വർഷങ്ങളിൽ പല കാര്യങ്ങളും ചെയ്യേണ്ടതായിരുന്നു എന്ന് ഇപ്പോൾ നിയമം പാസാക്കി പറഞ്ഞാൽ മതിയോ? ഏതൊരു നിയമവും അത് പുറപ്പെടുവിക്കുന്ന തീയതി മുതൽക്കെ ബാധകമാക്കാവൂ എന്ന് പറയുന്നതിൽ എന്താണ് തെറ്റ്? ഇത് ശരിയായ വാദമാണെന്നു മനസ്സിലാക്കിയ സർക്കാർ യുജിസി 2010 റെഗുലേഷൻ അനുസരിച്ചുള്ള പ്രമോഷൻ മാനദണ്ഡങ്ങൾ അത് ഉത്തരവായി പുറത്തിറങ്ങുന്ന ദിവസം തൊട്ടെ ബാധമാക്കാൻ പറ്റുകയുള്ളൂ എന്ന് പറഞ്ഞ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
പിന്നെ ലേഖകർ കഴിഞ്ഞ കുറെ നാളുകളായി ഉന്നയിക്കുന്ന മറ്റൊരു ആരോപണം യു ജി സി ശമ്പളനിരക്കിനെ പറ്റിയാണ്. ഇവിടെ യുജിസി റെഗുലേഷൻസ് നടപ്പാക്കുമ്പോൾ അവരുടെ പരിഷ്കരണ പാക്കേജ് പൂർണമായും നടപ്പാക്കാറില്ല; അതിൽ പറയുന്ന എല്ലാ ജോലികളും അധ്യാപകരുടെ ബാധ്യതയാണെന്ന് പറയുമെങ്കിലും!. വീട്ടു വാടക, ട്രാൻസ്പോർട്ട് അലവൻസ്, റിസർച്ച് പ്രമോഷൻ ഫണ്ടുകൾ തുടങ്ങിയവ ഒന്നും തന്നെ ഇവിടെ ബാധകമല്ല. വളരെയധികം ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ടി വരുന്ന സർവീസിലെ ഏറ്റവും സീനിയറായ അധ്യാപകരാണ് അസോസിയേറ്റ് പ്രഫസർമാർ . യുജിസി റെഗുലേഷൻ അനുസരിച്ച് ഇവരുടെ നേരിട്ടുള്ള അധ്യയന സമയം 14 മണിക്കൂറാണ്. ഇത് കഴിഞ്ഞ 6 വർഷമായിട്ടും ഇവിടെ നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ ആറ് വർഷമായിട്ടും ഇവിടെ ഒരു അധ്യാപകനും പ്ലേസ്മെന്റുകൾ കിട്ടിയിട്ടില്ല. എന്നാൽ ഇക്കാരണം പറഞ്ഞ് ഇതു വരെ ഒരു അധ്യാപക സംഘടനയും വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്ന സമര മാർഗങ്ങളിലേക്ക് നീങ്ങിയിട്ടുമില്ല. അവസാനമായി ഒന്നുകൂടി: ഇപ്രാവശ്യത്തെ സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും ശമ്പള പരിഷ്കരണങ്ങളെ ഒന്ന് താരതമ്യം ചെയ്തതിനു ശേഷം പറയട്ടെ: അനീഷ് ജേക്കബ് സാറിന്റെ അമ്പുകൾ വീണ്ടും ഏൽക്കാനായി, ഞങ്ങൾക്ക് യു.ജി.സി ശമ്പളം വേണമെന്നില്ല , മാന്യമായി ജീവിക്കാനുള്ള കേരള സംസ്ഥാന നിരക്കിലെ ശമ്പളം തന്നെ തന്നാലും മതി! ഞങ്ങളെ ദയവായി വെറുതെ വിടുക; ജീവിച്ചു പൊക്കോട്ടെ! ഒന്നുമില്ലെങ്കിലും നിങ്ങൾ ചെളി വാരിയെറിയുന്നത് നിങ്ങളെ ഇത്തരത്തിൽ എഴുതാൻ പ്രാപ്തരാക്കിയ അധ്യാപകരെക്കൂടിയാണെന്ന് ഓർക്കുക.

സ്നേഹപൂർവ്വം


ഡോ. വിഷ്ണു നമ്പൂതിരി. കെ
ഗണിതശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ
സർക്കാർ വനിതാ കോളേജ്, തിരുവനന്തപുരം

കുറിപ്പ്: മുകളിൽ എഴുതി വെച്ചിരിക്കുന്നത് വലിയ പ്രയോജനമൊന്നും ഉണ്ടാവുമെന്ന് കരുതാതെയുള്ള ഒരു ആത്മരോഷപ്രകടനം മാത്രമാണ്. ഇതു മാതൃഭൂമി പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. എന്നാൽ ഇതു വായിക്കുന്ന ആർക്കെങ്കിലും മേൽ പരാമർശിച്ച ലേഖകരെ പരിചയമുണ്ടെങ്കിൽ ഇതൊന്നു കാണിച്ചു കൊടുത്താൽ നന്നായിരിക്കും. ഭാവിയിലെങ്കിലും വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ഇതുപോലെയുള്ള ലേഖനങ്ങൾ എഴുതാതിരിക്കുമല്ലോ!

Link to the original article : http://www.mathrubhumi.com/education-malayalam/features/-education-1.1763099

Advertisements